തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം ഒരു വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ലെന്ന് അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. അഡ്മിനിസ്ട്രേഷന്റെ പ്രശ്നം കാരണമാണ് ഇത്തരത്തിലെ ഒരു പ്രശ്നമുണ്ടായതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വാദം.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രശ്നം പരിഹരിക്കാൻ നടപടി അക്കാദമി സ്വീകരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന്റെ പ്രശ്നമായിരുന്നു ഇത്തരത്തിൽ സംഭവിച്ചത്. ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായൊരു പ്രശ്നമാണ്. ഇതിനെ ഒരു വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ലെന്നുമാണ് സച്ചിദാനന്ദൻ പറഞ്ഞത്.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ തനിക്ക് വെറും 2400 രൂപ തന്ന് അപമാനിച്ചെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. ജനുവരി 30ന് കേരളസാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന് തുച്ഛമായ പണം മാത്രമാണ് നൽകിയത്.