ന്യൂഡൽഹി: വിശാഖപട്ടണം ടെസ്റ്റിലെ ഇംഗ്ലണ്ടിനെതിരായ ആറ് വിക്കറ്റ് നേട്ടം മകൻ അംഗദിന് സമർപ്പിച്ച് പേസർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുമ്ര സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെ പുറത്താക്കിയാണ് 30-കാരനായ ബുമ്ര റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. നേട്ടത്തിൽ സന്തോഷമുണ്ടെന്നും മകനുവേണ്ടി ഈ നേട്ടം സമർപ്പിക്കുന്നതായും ബുമ്ര പറഞ്ഞു.
വിശാഖപട്ടണത്ത് അംഗദിനൊപ്പമാണ് എത്തിയതെന്നും ഇത് അവന്റെ ആദ്യ യാത്രയാണെന്നും ബുമ്ര പറഞ്ഞു. ഇൻ സ്വിംഗ്, ഔട്ട് സ്വിംഗ്, വിവേഴ്‌സ് സ്വിംഗ്, യോർക്കർ തുടങ്ങി ഒരു പേസ് ബൗളർക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ഇന്നലെ ബുമ്ര ചെയ്തിരുന്നു. 15.5 ഓവറിൽ 45 റൺസ് വിട്ടുനൽകി ആറ് ഇംഗ്ലണ്ട് താരങ്ങളെയാണ് ബുമ്ര മടക്കിയത്.
ബുമ്രയ്‌ക്കും സഞ്ജന ഗണേഷിനും കഴിഞ്ഞ ഏഷ്യകപ്പിനിടെയാണ് ആൺകുഞ്ഞ് പിറന്നത്. ടൂർണമെന്റിനിടെ ബുമ്ര വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് ജനിച്ച വിവരം താരം അറിയിച്ചത്.















