137 പ്രകാശ വർഷമകലെ ജീവന്റെ തുടിപ്പുമായി ഭൂമിക്ക് സമാനമായ വലുപ്പമുള്ളൊരു ഗ്രഹം വലം വയ്ക്കുന്നുവെന്ന കണ്ടെത്തലുമായി നാസ. TOI-715 b എന്നാണ് ഈ സൂപ്പർ എർത്ത് ഗ്രഹത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസി നൽകിയിരിക്കുന്ന പേര്. ജ്യോതിശാസ്ത്ര പ്രകാരം 137 പ്രകാശ വർഷം ഭൂമിക്ക് അടുത്താണ്. ശാസ്ത്രലോകത്തെ പുത്തൻ ചുവടുവെപ്പാകും പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തൽ.
ഭൂമിയുടെ ഏകദേശം ഒന്നര ഇരട്ടി വീതിയുള്ളതാണ് പുതിയ ഗ്രഹം. ചുവന്ന നിറത്തിലുള്ള ഒരു ചെറിയ നക്ഷത്രത്തെയാണ് ഇത് പരിക്രമണം ചെയ്യുന്നത്. 19 ദിവസം കൊണ്ടാണ് ഗ്രഹം ഒരു ഭ്രമണം പൂർത്തിയാക്കുന്നത്. വാസയോഗ്യമായ ഗ്രഹമാകാം ഇതെന്നും ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. പ്രതലത്തിൽ ജലത്തിന്റയോ ഓക്സിജന്റെയോ സാന്നിധ്യം ഉണ്ടെങ്കിൽ ജീവിക്കാൻ സജ്ജമായ അന്തരീക്ഷവും തീർച്ചയായും ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. സൂര്യനേക്കാൾ ചെറുതും തണുത്തതുമായ ചുവന്ന ഗ്രഹത്തെയാണ് ഈ ഗ്രഹം വലം വയ്ക്കുന്നത്.
ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് സൂപ്പർ എർത്ത് ഗ്രഹത്തെ കണ്ടെത്തിയത്. കുറഞ്ഞ ഭ്രമണപഥ ദൈർഘ്യമാണ്
ഗ്രഹത്തെ കണ്ടെത്തുന്നതിനും പഠന വിധേയമാക്കുന്നതിനും ശാസ്ത്രജ്ഞരെ സഹായിച്ചത്. ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് TOI-715 b-യെ കൂടുതൽ പഠിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. ഗ്രഹത്തിന്റെ സവിശേഷതകൾ, അതിന്റെ അന്തരീക്ഷം, ജിവന്റെ സാധ്യത തുടങ്ങിയവ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ജെയിംസ് വെബ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിവരം.















