കറുവപ്പട്ടയെ അറിയാത്ത ആരാണുള്ളത് അല്ലേ, എന്നാൽ കറുവപ്പട്ട ഇല അറിയാമോ? കറികളിലും ബിരിയാണിയിലും സൂപ്പിലുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് കറുവപ്പട്ടയും കറുവപ്പട്ടയിലയും.
ഔഷധഗുണങ്ങളാലും ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ഈ ഇല. ഉണങ്ങിയ ഇലയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. പൊടിച്ച രൂപത്തിലും ഇത് വിപണിയിൽ ലഭ്യമാണ്. കറുവപ്പട്ട ഇലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്.. അവയിൽ ചിലത് ഇതാ..
- ഗണ്യമായ അളവിൽ വിറ്റാമിനുകൾ. ആന്റി ഓക്സിഡന്റുകൾ, നാരുകൾ, ധാതുക്കൾ എന്നിവ കറുവപ്പട്ട ഇലയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗ പ്രതിരോധത്തിന് സഹായിക്കും.
- ഉത്കണ്ഠയെ ചെറുക്കാൻ മികച്ചതാണ് കറുവ ഇല. ഇതിൽ അടങ്ങിയിരിക്കുന്ന ലിനൂൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതാണ് ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കുറയ്‌ക്കാൻ സഹായിക്കുന്നത്. കറുവപ്പട്ട ഇല കത്തിച്ച് ഇതിന്റെ പുക ശ്വസിച്ചാൽ മതി. പത്ത് മിനിറ്റോളം ഇത് തുടരുന്നത് ഉത്കണ്ഠയെ കുറയ്‌ക്കുന്നു.
- ക്ഷീണം അകറ്റാനും ഇത് സഹായിക്കുന്നു. പിനെൻ, സിനിയോൾ, എലിമിസിൻ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
- വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവ ഇല സഹായിക്കും. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ ഇലയിൽ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലിനെ കുറയ്‌ക്കുന്നതിനും സോഡിയം കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നതിനും കറുവ ഇല സഹായിക്കുന്നു. ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും കുടലിന്റെ ആരോഗ്യത്തെയും ഇത് മെച്ചപ്പെടുത്തുന്നു.
- ചർമ്മത്തെ ബാധിക്കുന്ന അണുബാധകളെ തടയുന്നതിനും കറുവ ഇല സഹായിക്കുന്നു.
- മുടി വളർച്ചയെയും കറുലപ്പട്ട ഇല ത്വരിതപ്പെടുത്തുന്നു. ഇല പൊടിച്ച് ഹെയർ മാസ്കായി ഉപയോഗിക്കാവുന്നതാണ്.
- ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കറുവ ഇല ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ ഇലയിട്ട് ആവി പിടിക്കുന്നത് ജലദോഷം, കഫക്കെട്ട് എന്നിവയ്‌ക്ക പരിഹാരം നൽകും.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കറുവ ഇല സഹായിക്കും. ഇവയിൽ കാണപ്പെടുന്ന സംയുക്തങ്ങളായ റൂട്ടിൻ, കഫിക് ആസിഡ് എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയത്തിന്റെ കാപ്പിലറി ധമനികൾ ശക്തിപ്പെടുത്തുന്നതിലൂടെ ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നു. കൂടാതെ ശരീരത്തിലെ മോശം കൊളസ്‌ട്രോൾ കുറയ്‌ക്കാനും ഇവ സഹായകമാണ്.
പ്രമേഹരോഗികൾ, അലർജിയോ ആസ്ത്മ പ്രശ്നങ്ങൾ അലട്ടുന്നവർ, മറ്റേതെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ഗർഭിണികൾ, മുലയൂട്ടുന്നവർ, ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ കറുവ ഇല കത്തിച്ച് കരി ശ്വസിക്കാതിരിക്കുന്നതായിരിക്കും ഉചിതം. ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.















