തിരുവനന്തപുരം: പ്രശസ്തമായ വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിശ്ചേദിച്ച് കെഎസ്ഇബി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ബില്ല് കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഇന്നലെയായിരുന്നു ബില്ല് അടയ്‌ക്കേണ്ട അവസാന തീയതി.
കുടിശ്ശികയായുള്ള 96,426 രൂപ അടയ്‌ക്കാത്തതിനെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ നേമം കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു. ക്ഷേത്രം ഇരുട്ടിലായതോടെ ജനറേറ്റർ വരുത്തി താൽകാലികമായി വെളിച്ചമൊരുക്കിയിരിക്കുകയാണ് അധികൃതർ. ക്ഷേത്ര പരിസരം ഇരുട്ടിലായതോടെ നാട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ച വിവരം പുറത്തറിഞ്ഞത്.
വൈദ്യുതി ബന്ധം നിലച്ചതോടെ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി ഭക്തരും പ്രദേശവാസികളും രംഗത്തെത്തിയിക്കുകയാണ്.















