ബിരിയാണിയിലും കറിയിലും ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് തക്കോലം. കറുവപ്പട്ടയും ഗ്രാമ്പൂവും മാത്രമല്ല, ഇവയിൽ പ്രധാനി തന്നെയാണ് തക്കോലവും. എന്നാൽ ഇതിന് ആരും അത്ര പ്രാധാന്യം നൽകുന്നില്ലെന്നതുമൊരു വാസ്തവമാണ്.
ഭക്ഷണത്തിന് സവിശേഷമായ സുഗന്ധം നൽകാനാണ് പ്രധാനമായും തക്കോലം ഉപയോഗിക്കുന്നത്. എന്നാൽ രുചിക്കും മണത്തിനുമപ്പുറം നിരവധി ഗുണങ്ങളാണ് തക്കോലം നൽകുന്നത്. മഗ്നോളിയ കുടുംബത്തിൽപ്പെട്ട ഇല്ലിസിയം വെറം എന്ന വൃക്ഷത്തിൽ നിന്നാണ് തക്കോലം ലഭിക്കുന്നത്. തക്കോലം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്…
- അനെത്തോൾ എന്ന രാസ സംയുക്തം തക്കോലത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹന എൻസെെമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വയറുവേദന, ഗ്യാസ്, പുളിച്ച് തികട്ടൽ തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
- വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് തക്കോലം സഹായിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
- ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയ തക്കോലം ശരീരത്തിലുടനീളമുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിൽ വളരെ ഫലപ്രദമാണ്. വാർദ്ധക്യത്തെ ഒരു പരിധി വരെ ചെറുക്കുന്നതിനും ചുളിവുകളെ ഭേദപ്പെടുത്തുന്നതിനും തക്കോലം സഹായിക്കും. ചർമ്മത്തിന്റെ ഗുണനിലവാരവും ഘടനയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
- ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ തക്കോലം സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
- ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉറക്കം നൽകാൻ സഹായിക്കുന്നു. ഉറക്ക കുറവ് അനുഭവപ്പെടുന്നവർക്ക് തക്കോലം ശീലമാക്കാവുന്നതാണ്.
- ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കോലത്തിന് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയാൻ കഴിയും. തക്കോലമിട്ട ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നു.
- കഫം കളയാനും ഉത്തമമാണ് തക്കോലം. ശ്വാസകോശ രോഗങ്ങൾക്കും ചുമയ്ക്കുമുള്ള ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് ഇത്.
- ആമവാതം, സന്ധിവാതം തുടങ്ങിയവയ്ക്ക് തക്കോലത്തിന്റെ ലേപനം ഉപയോഗിക്കുന്നു.