ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫറൂഖ് അബ്ദുള്ളയ്ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ ജനുവരി 11ന് വിളിച്ചുവരുത്തിയെങ്കിലും അബ്ദുള്ള ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നോട്ടീസ്.
2001 മുതൽ 2012 വരെ ഫറൂഖ് അബ്ദുള്ള പ്രസിഡൻ്റായിരിക്കെ ജെകെസിഎയിൽ 113 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സാമ്പത്തിക ക്രമക്കേട്, പണം വകമാറ്റുക, വിശദീകരിക്കാതെയുള്ള പിൻവലിക്കൽ എന്നീ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഫറുഖ് അബ്ദുള്ളയ്ക്കെതിരെ സിബിഐ സമർപ്പിച്ച 2018ലെ കുറ്റപത്രത്തിന് പിന്നാലെയാണ് 2022-ൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്.