ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിംഗ്സറിലാണ് 300 മെഗാവാട്ട് സോളാർ പവർ പ്രൊജക്ട് സ്ഥാപിക്കുന്നത്. 1756 കോടി ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക, നെറ്റ് സീറോ വിഷൻ എന്ന ലക്ഷ്യം കൈവരിക്കുക, സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാനാവുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നിവയാണ് സോളാർ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സോളാർ പ്ലാന്റിൽ നിരവധി അത്യാധുനിക സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിവർഷം 750 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. സോളാർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 700ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സുസ്ഥിര ഊർജ്ജത്തിന് വേണ്ടിയുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണിത്. സംസ്ഥാനത്ത് ഏറ്റവും ചിലവ് കുറഞ്ഞ വൈദ്യുതി ലഭ്യമാകുക എന്നതാണ് പദ്ധതിയുടെ സുപ്രധാന ലക്ഷ്യം.
‘വികസിത് ഭാരത് വികസിത് രാജസ്ഥാൻ’ എന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജസ്ഥാനിൽ 17,000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.