ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ എക്സ്പ്രസ് കോച്ചുകളിൽ മാറ്റം വരുത്തി റെയിൽവേ. മുമ്പ് ട്രെയിനിൽ 10 എസി ഡബിൾ ഡക്കർ കോച്ചുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ എട്ട് എസി ഡബിൾ ഡക്കർ കോച്ചുകളും അഞ്ച് നോൺ എസി കോച്ചുകളും ഒരു ജനറൽ ക്ലാസ് കോച്ചുമാകും ഉണ്ടാകുകയെന്ന് റെയിൽവേ വ്യക്തമാക്കി.
ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. അഞ്ച് മണിക്കൂറും 10 മിനിറ്റും മാത്രമാണ് ചെന്നൈയിൽ നിന്നും ബെംഗളൂരുവിലെത്താൻ എടുക്കുന്ന സമയം. മറ്റ് ട്രെയിനുകൾ ആറ് മണിക്കൂറും 15 മിനിറ്റും സമയമാണ് എടുക്കാറുള്ളത്.
ഇതിന് പുറമെ ഏഴ് എസി ഡബിൾ ഡക്കർ ചെയർ കാർ കോച്ചുകളോടെ പ്രവർത്തിച്ചിരുന്ന ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസിലും മാറ്റങ്ങൾ വരുത്തി. ഇതിൽ എട്ട് എസി കോച്ചുകളും അഞ്ച് സെക്കൻഡ് സിറ്റിംഗ് നോൺ എസി റിസർവ്ഡ് കോച്ചുകളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഈ രണ്ട് ട്രെയിനുകളും രണ്ട് റേക്കുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇനി മുതൽ ഇവ പരസ്പരം മാറിയാകും റേക്കുകൾ ഉപയോഗിക്കുക.