കൊല്ലം: ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പരവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നതിനിടെ പത്താനപുരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 2 കിലോ കഞ്ചാവാണ് പിടികൂടിയത്.
പത്താനപുരത്തും സമീപ പ്രദേശങ്ങളിലും അടുത്തകാലത്തായി വ്യാപകമായി കഞ്ചാവ് എത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവിന്റെ ഉറവിടം എന്താണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.