തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.
ബൈക്കിലെത്തിയ രണ്ട് പേർ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. ദമ്പതികൾക്ക് നാല് കുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പേട്ട പോലീസിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയുടെ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിനിടെയിലാണ് വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.