തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ചൂടുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില മൂന്ന് മുതൽ നാല് വരെ ഉയരാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥ മാപിനികളിലെ വിവരമനുസരിച്ച് തൃശൂർ ജില്ലയിലെ അതിരപ്പള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ജില്ലയിലെ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രി വരെയായിരുന്നു ഇന്നലെത്തെ താപനില. മറ്റ് ജില്ലകളിൽ ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.9 ഡിഗ്രിയായിരുന്നു ഇന്നലെത്തെ ചൂട്.
ചൂട് വർദ്ധിക്കുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദാഹമില്ലെങ്കിൽ പോലും വെള്ളം കുടിക്കണമെന്നും അല്ലാത്ത പക്ഷം നിർജ്ജലീകരണത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.