ലക്നൗ: തനിക്കെതിരെ അമേഠിയിൽ മത്സരിക്കാനുള്ള വെല്ലുവിളി സ്വീകരിച്ച കോൺഗ്രസിന് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആർജ്ജവമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കാൻ രാഹുൽ തയ്യാറാണോയെന്ന് കഴിഞ്ഞ ദിവസം സ്മൃതി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിക്കുകയായിരുന്നു.
അഖിലേഷ് യാദവും മായാവതിയും ഇല്ലാതെ അമേഠിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ തയ്യാറാണോ എന്ന എന്റെ വെല്ലുവിളി ജയറാം രമേശ് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും പ്രവർത്തക സമിതിയിൽ രാഹുൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് കാണാൻ ഞങ്ങളുടെ പ്രവർത്തകർ കാത്തിരിക്കുകയാണെന്നും സ്മൃതി പറഞ്ഞു. അഞ്ച് വർഷം മുമ്പ് തങ്ങൾക്ക് തെറ്റുപറ്റിയെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ ജയറാം രമേശ്, രാഹുൽ മത്സരിക്കുമെന്ന് പരോക്ഷ സൂചന നൽകി. എന്നാൽ അന്തിമതീരുമാനം പാർട്ടി പ്രവർത്തക സമിതി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മണ്ഡലമായിരുന്ന അമേഠിയിൽ നിന്നും സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുൽ ഇക്കഴിഞ്ഞ ദിവസം ന്യായ് യാത്രയുടെ ഭാഗമായി അമേഠിയിലെത്തിയിരുന്നു. ഈ അവസരത്തിലാണ് കേന്ദ്രമന്ത്രി വെല്ലുവിളിച്ചത്.