തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയിൽ എയർഗണ്ണുമായെത്തിയ യുവാവ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് യുവാവ് എയർഗണുമായി എത്തിയത്. കല്ലമ്പലം സ്വദേശി സതീഷ് സാവനാണ് എയർഗണ്ണുമായെത്തി ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. വൈകിട്ട് നാലരോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ കയറി കൂടിയത്. യുവാവിന്റെ കയ്യിൽ തോക്ക് കണ്ടതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തിയിലായി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെത്തി യുവാവിനെ പോലീസിന് കൈമാറി. എന്നാൽ പോലീസിനെ ആക്രമിച്ച് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് ആശുപത്രി അന്തേവാസികൾ പറയുന്നു.