കോട്ടയം: പഞ്ചായത്തിലെത്തിയ വയോധികന് അസഭ്യവർഷവും ഭീഷണിയും. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. സിപിഎം നേതാവും ഒൻപതാം വാർഡ് മെമ്പറുമായ അൻഷാദ് റഷീദാണ് വയോധികനോട് അപമര്യാദയായി സംസാരിച്ചത്.
നിനക്കെന്താ പഞ്ചായത്തിൽ കാര്യം എന്നുപറഞ്ഞ് ആക്രോശിച്ച് അൻഷാദ് വയോധികന് അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പഞ്ചായത്തിനെതിരെ പോസ്റ്റിടുമോയെന്ന് ചോദിച്ചതിന് പിന്നാലെ ഇറങ്ങി പോകാൻ നിർദ്ദേശിച്ചു. തന്റെ വാർഡ് മെമ്പറെ കാണാൻ എത്തിയതാണെന്ന് പറഞ്ഞതോടെ മോശമായ രീതിയിൽ അൻഷാദ് സംസാരിക്കാൻ തുടങ്ങി. പിന്നാലെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പഞ്ചായത്തിന്റെ ഭരണവിരുദ്ധതയെ കുറിച്ചും അഴിമതികളെ കുറിച്ചും നിരന്തരം സമൂഹമാദ്ധ്യമങ്ങൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് അൻഷാദ് വയോധികനെ അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും. മറ്റ് പഞ്ചായത്തംഗങ്ങളും ജനങ്ങളും നോക്കിനിൽക്കേയായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.