ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ ബന്ധുക്കൾ യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ സ്വദേശിയായ പ്രവീൺ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സഹോദരനുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റീഫൻ കുമാർ, ജോതി ലിംഗം, ശ്രീറാം, അശോക്, വിഷ്ണു രാജ്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ പള്ളിക്കരണൈ മേഖലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഭക്ഷണം വാങ്ങാനായി വീട്ടിൽ നിന്നുമിറങ്ങിയ യുവാവിനെ യുവതിയുടെ ബന്ധുക്കൾ പിന്തുടർന്നെത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
വീട്ടുകാരുടെ ഏതിർപ്പിനെ മറികടന്ന് നാല് മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ വൈരാഗ്യത്തിലായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.