മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈകുരുങ്ങിയ വിദ്യാർത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കാവനൂരിലെ ഫ്ലോർ മില്ലിലാണ് സംഭവം. യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്.
കൈ കുരുങ്ങി അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.45-ന് തക്വാബാദിലെ മില്ലിലാണ് സംഭവം നടന്നത്. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെയായിരുന്നു കൈ കുരുങ്ങിയത്. അപകടത്തെ തുടർന്ന്, അഗ്നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തിയാണ് കൈ പുറത്തെടുത്തത്.