ഫെബ്രുവരി മാസത്തിൽ മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ 11 യുവാക്കളിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്ന ആളാണ് ഗണപതി. സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടർ കൂടെയായിരുന്നു ഗണപതി. സിനിമയുടെ സംവിധായകനും ഗണപതിയുടെ സഹോദരനുമായ ചിദംബരത്തെക്കുറിച്ച് പറയുകയാണ് നടൻ.
ഒരു സംവിധായകനെന്ന നിലയിൽ എല്ലാ കഥാപാത്രങ്ങളെയും ബാലൻസിംഗ് ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ചിദംബരം എന്നാണ് ഗണപതി പറയുന്നത്. എല്ലാ സ്ക്രിപ്റ്റിലും ഒരു ലെയർ കണ്ടെത്തി അതിൽ നിന്നുമാണ് ചിദംബരം സിനിമ ചെയ്യുന്നതെന്നും നടൻ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷ് എന്ന നിരീശ്വരവാദി അല്ലെങ്കിൽ യുക്തിവാദി ദൈവമാകുന്ന കഥയാണ് പറയുന്നതെന്നും ഗണപതി കൂട്ടിച്ചേർത്തു.
‘ഒരു സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ചിദംബരം സ്ക്രിപ്റ്റിൽ ലെയർ കണ്ടെത്തും. മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് പറയുകയാണെങ്കിൽ സുഭാഷ് എന്ന നിരീശ്വരവാദി അല്ലെങ്കിൽ യുക്തി വാദി ദൈവമാകുന്ന കഥയാണ്. അയാൾ ദൈവമാകുന്ന ലെയറിൽ നിന്നാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഉണ്ടായിരിക്കുന്നത്.
എല്ലാ കഥാപാത്രങ്ങളെയും ബാലൻസിംഗ് ചെയ്യാനുള്ള കഴിവുമുണ്ട്. ആരെയും മോശം പറയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ സിനിമയിൽ വന്നു. എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവെച്ചതും ഡയറക്ടറിന്റെ കഴിവാണ്. നല്ല നടൻ ഉണ്ടായിട്ട് കാര്യമില്ല അത് എങ്ങനെ ഒരു സംവിധായകന് ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രധാനം.
സ്ക്രിപ്റ്റിങ്ങിൽ ആണെങ്കിലും നല്ലൊരു ലെയർ കണ്ടുപിടിക്കുന്നതിൽ ആണെങ്കിലും അതെങ്ങനെ സിനിമയിലേക്ക് കൊണ്ടുവരണം പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നതിലെല്ലാം നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണ്. അവൻ എന്റെ ഏട്ടനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’- ഗണപതി പറഞ്ഞു.