തിരുവനന്തപുരം: തെരുവുനായകളുടെ കൈകാലുകൾ കെട്ടി ടാറിൽ മുക്കി ക്രൂരത. വർക്കലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് മോശമായ അവസ്ഥയിൽ രണ്ട് നായകളെ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. നാട്ടുകാരും വർക്കലയിലെത്തിയ വിനോദ സഞ്ചാരികളും ചേർന്നാണ് നായകളെ രക്ഷിച്ചത്.
നായകളുടെ ശരീരത്തിൽ 70 ശതമാനത്തോളം ടാറും മുറിവുകളും ഉണ്ടായിരുന്നു. കൈകാലുകളുടെ കെട്ട് അഴിച്ചുമാറ്റിയ ശേഷം നായകളെ സമീപത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് റോഡ് പണിക്കായി ശേഖരിച്ചുവച്ചിരുന്ന ടാറിലാണ് സാമൂഹികവിരുദ്ധർ നായകളെ മുക്കിയതെന്നാണ് പ്രദേശവാസികളുടെ നിഗമനം.
നായകൾക്ക് ചികിത്സ നൽകിയെങ്കിലും ഇവയുടെ ശരീരത്തിലെ ടാർ പൂർണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടാകാനുളള സാധ്യതയുള്ളതിനാൽ അപകടാവസ്ഥയും തരണം ചെയ്തിട്ടില്ല. സംഭവത്തിൽ നാട്ടുകാർ അയിരൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. നിലവിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വിനോദസഞ്ചാരിയുടെ സംരക്ഷണയിലാണ് നായകൾ.