തിരുവനന്തപുരം: കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവാവ് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വർക്കല സ്വദേശി വിനുവാണ് കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തത്. അവശനിലയിലായ വിനു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
29-നാണ് വർക്കലയിലെ കടയിൽ നിന്നും കുടുംബം കേക്ക് വാങ്ങി കഴിച്ചത്. തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ട വിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്. വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.