ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും പദ്ധതികളും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കിയന്നെ് ലോക്സഭാ സ്പീക്കർ ഓം ബിർള. നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കിയതെന്നും ജനങ്ങൾക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം ജനാധിപത്യത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചു വരികയാണ്. അദ്ദേഹം രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളും നയങ്ങളും പാവപ്പെട്ട ജനങ്ങളുടെയും പിന്നാക്ക വിഭാഗക്കാരുടെയും ജീവിതം മെച്ചപ്പെട്ടതാക്കി. വികസിത ഭാരതത്തിലേക്കുള്ള യാത്രയിലാണ് നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ അദ്ധ്യായത്തിൽ പുതു ചരിത്രം നിർമ്മിക്കും”.- ഓം ബിർള പറഞ്ഞു.
ലോക്സഭാ സ്പീക്കർ ഓം ബിർള, പാരാലിമ്പിക്സ് കായികതാരം ദേവേന്ദ്ര ജിജാരിയ തുടങ്ങിയ സ്ഥാനാർത്ഥികളാണ് രാജസ്ഥാനിലെ 15 മണ്ഡലങ്ങളിൽ നിന്നായി ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ പോവുന്നത്. ഇതിഹാസ പാരാലിമ്പിക്സ് കായിക താരം ജിജാരിയ രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ 195 പേരടങ്ങുന്ന സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് പുറത്തുവിട്ടിരുന്നു.