അഫ്ഗാനിസ്ഥാൻ വെറ്ററൻ ബാറ്റർ നൂർ അലി സദ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2009ൽ അരങ്ങേറിയ താരം രണ്ടു ടെസ്റ്റും 51 ഏകദിനവും 23 ടി20യും അഫ്ഗാനായി കളത്തിലിറങ്ങി. അയർലൻഡിനെതിരെയുള്ള ടെസ്റ്റിലായിരുന്നു അവസാനമായി പാഡണിഞ്ഞത്.
ഏകദിനത്തിൽ 1216 റൺസ് നേടിയ താരം ടി20യിൽ 597 റൺസ് നേടി. രണ്ടു ടെസ്റ്റുകളിൽ നിന്ന് 117 റൺസാണ് സമ്പാദ്യം. അഫ്ഗാൻ ക്രിക്കറ്റ് ചരിത്രത്തിൽ വലിയൊരു പങ്കുവഹിച്ച താരമാണ് നൂർ അലി. സ്കോട്ട് ലൻഡിനെതിരെയുള്ള അഫ്ഗാന്റെ ആദ്യ മത്സരത്തിൽ 28 പന്തിൽ 45 റൺസെടുത്ത് 89 റൺസിന്റെ ആദ്യ വിജയത്തിന് അടിത്തറ പാകിയതും അദ്ദേഹമായിരുന്നു.
2010 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ അർദ്ധശതകം നേടിയ താരം 2016 ടി20 ലോകകപ്പിൽ സിംബാബ്വെയെ തോൽപ്പിച്ച ടീമിലും അംഗമായിരുന്നു. ഷാർജയിൽ നടന്ന ടെസ്റ്റിന് പിന്നാലെയാണ് നൂർ അലി തീരുമാനം അറിയിച്ചത്. അതേസമയം അവസാന മത്സരത്തിൽ തോൽവിയോടെ പടിയിറങ്ങാനായിരുന്നു താരത്തിന്റെ യോഗം.