ഇടുക്കി: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപെരിയാരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു(22) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മഞ്ചുമല സ്വദേശിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉത്സവം കാണാനായാണ് ഇരുവരും വണ്ടിപെരിയാറിൽ എത്തിയത്. എന്നാൽ എത്തിയപ്പോൾ തന്നെ ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഇരുവരും തമ്മിൽ കൈയാങ്കളിയിലായതോടെ നാട്ടുകാർ ഇടപെട്ടാണ് അനുനയിപ്പിച്ചത്. എന്നാൽ പ്രദേശത്ത് തന്നെ ഉണ്ടായിരുന്ന ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് പ്രതി യുവാവിനെ കത്തി വീഴ്ത്തി. ജിത്തുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.