സൊമാറ്റോ ഡെലിവറി നടത്തുന്ന വനിതകൾക്ക് ഇനി യൂണിഫോമായി കുർത്ത ധരിക്കാം. വനിതാദിനത്തോട് അനുബന്ധിച്ചാണ് സോമാറ്റോയുടെ പുതിയ നീക്കം.
സാധാരണ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ഡെലിവറി ഏജന്റ്സും ‘സൊമാറ്റോ ടീ-ഷർട്ട്’ ആണ് ധരിച്ചിരുന്നത്. എന്നാൽ ചില വനിതാ ജീവനക്കാർ പ്രയാസം അറിയിച്ചതിന് പിന്നാലെ കുർത്ത യൂണിഫോം കൂടി പ്രാബല്യത്തിൽ വരുത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിക്കുന്നതിൽ പലരും തൃപ്തരല്ലായിരുന്നുവെന്നും അതിനാലാണ് അവർക്ക് മറ്റൊരു ഓപ്ഷൻ നൽകിയതെന്നും സൊമാറ്റോ വ്യക്തമാക്കി.
തൊഴിലിടത്തിൽ സ്ത്രീകളുടെ ആശങ്കകളെ പരിഹരിക്കാൻ സൊമാറ്റോ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നാണ് ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം.