ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ പെഷവാറിൽ വീണ്ടും ബോംബ് സ്ഫോടനം. മാരകശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി എത്തിയ മോട്ടോർസൈക്കിൾ നടുറോഡിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 4-5 കിലോഗ്രാം തൂക്കം വരുന്ന സ്ഫോടക വസ്തുക്കളാണ് മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്നത്. പെഷവാറിലെ ബോർഡ് ബസാർ ഏരിയയിൽ വച്ചായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആസൂത്രിത ആക്രമണമാണോ അതോ സ്ഫോടകവസ്തുക്കൾ സ്ഥലം മാറ്റുന്നതിനിടയിൽ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്.
പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് പെഷവാർ. പാകിസ്താനി താലിബാൻ ഗ്രൂപ്പിന്റെ (TTP) ശക്തികേന്ദ്രം കൂടിയാണിവിടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി അനവധി തവണ ഇവിടെ ബോംബ് സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടന്നിട്ടുണ്ട്.