താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്ററായി ജയന്ത് നായരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരിട്ട് നിയമിച്ചു. തുടർന്ന് ഇന്നലെ വൈകീട്ട് 5 മണിക്ക് താനെ വെസ്റ്റ് കിസാൻ നഗറിലെ വിജയഭവനിൽ (വീമ സ്കൂൾ ) വച്ച് ഒരുകൂട്ടം മലയാളികളുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ മലയാളി സമാജം, സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് ഹരികുമാർ നായരും ഹരി സ്വാമിയുമാണ് ഏകോപിപ്പിച്ചത്.
താനെ നായർ വെൽഫയർ അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായ ജയന്ത് നായർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുഹൃത്ത് കൂടിയാണ്. അനുമോദന ചടങ്ങിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായുള്ള സൗഹൃദത്തെ കുറിച്ചും പഴയകാല ഓർമ്മകളും ജയന്ത് നായർ പങ്കുവച്ചു. അതേസമയം മഹാരാഷ്ട്ര സർക്കാർ തലത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കുമായി ഒരുപാട് പദ്ധതികൾ ഇപ്പോൾ നിലവിലുണ്ടെന്നും അതൊക്കെ മനസ്സിലാക്കി ഓരോരുത്തരും അപേക്ഷ കൊടുക്കണമെന്നും അതിൽ നാം മലയാളികൾ മടി കാണിക്കരുതെന്നും ജയന്ത് നായർ പറഞ്ഞു. മുംബൈയിൽ ജനിച്ചു വളർന്ന ജയന്ത് നായർ മുംബൈ മുളുണ്ടിൽ കുടുംബ സമേതം താമസിക്കുന്നു. സ്വദേശം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ്.