ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമം പാസാക്കിയ ദിവസം ജനിച്ച മകൾക്ക് ‘ പൗരത്വം ‘ എന്ന് പേരിട്ട് പാകിസ്താനിലെ ഹിന്ദു കുടുംബം . ഡൽഹിയിലെ മജ്‌നു കാ തിലയിൽ സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന കുടുംബമാണ് കുഞ്ഞിന് പൗരത്വം എന്ന് അർത്ഥം വരുന്ന ‘നഗ്രിക്ത’ എന്ന് പേര് നൽകിയത് . 2019 ഡിസംബർ 11 നാണ് നഗ്രിക്തയുടെ ജനനം .
ഇന്ന് ഈ നാലുവയസുകാരിയ്‌ക്കൊപ്പം ഈ ക്യാമ്പ് മുഴുവൻ സന്തോഷത്തിലാണ് . തന്റെ വീട് പാകിസ്താനിലാണെന്ന് നഗ്രിക്തയ്‌ക്ക് അറിയില്ലായിരുന്നു. ഡൽഹി തന്റെ ജന്മസ്ഥലമാണെന്ന് നഗ്രിക്ത അവകാശപ്പെടുന്നു. പൗരത്വം ലഭിച്ചാൽ തങ്ങൾക്കും ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശവും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടിയുടെ കുടുംബം.
ഇനി പാകിസ്താൻ പൗരരെന്ന കുത്തുവാക്കുകൾ തങ്ങളുടെ പേരിൽ നിന്ന് മാറുകയും താനും ഇന്ത്യക്കാരിയെന്ന് അഭിമാനത്തോടെ പറയാൻ കഴിയുകയും ചെയ്യുമെന്ന സന്തോഷത്തിലാണ് ഈ കുടുംബം . തനിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ സിഎഎ നടപ്പാക്കിയതോടെ പാത തുറന്നിരിക്കുകയാണെന്നും നഗ്രിക്തയുടെ അമ്മ പറയുന്നു.















