ബാർബി സിനിമയുടെ ചുവട് പിടിച്ച് ഉണ്ടാക്കിയ പിങ്ക് ബിരിയാണി ഈ അടുത്ത കാലത്താണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. ബിരിയാണിയുണ്ടാക്കിയ മുംബൈക്കാരിയായ ഷെഫ് ഹീന കൗസറും വളരെ പെട്ടന്നാണ് വൈറലായത്. പിങ്ക് ബിരിയാണി ഉണ്ടാക്കിയതിൽ നിരവധി വിമർശനങ്ങൾ അവർ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ നീല നിറത്തിലുള്ള സ്‌പൈഡർമാൻ ബിരിയാണിയായിട്ടാണ് ഹീന കടന്നു വന്നിരിക്കുന്നത്.
ഒരു പാത്രത്തിൽ നിറയെ നീല നിറത്തിലുള്ള ബിരിയാണി നിറച്ചിരിക്കുന്ന വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുകളിലായി വെളള നിറത്തലുള്ള ചിലന്തിവലകളും കാണാം. ബിരിയാണിയും ചിലന്തിവലയുമെല്ലാം ഭക്ഷ്യ വസ്തുക്കൾകൊണ്ട് നിർമ്മിച്ചതാണെന്നു ഇത് പൂർണമായും കഴിക്കാൻ സാധിക്കുമെന്നുമാണ് ഹീനയുടെ വാദം. എന്നാൽ പിങ്ക് പാർട്ടിയുടെ ചുവട് പിടിച്ചുണ്ടാക്കിയ പിങ്ക് ബിരിയാണി പ്രദർശിച്ചപ്പോൾ നേരിട്ട അതേ കമന്റുകൾ തന്നെയാണ് ഹീനയെ ഇവിടെയും കാത്തിരുന്നത്. എന്തിനാണ് ആഹാരം ഇത്തരത്തിൽ കളർ നൽകി ഇല്ലാതാക്കുന്നതെന്നും ഭക്ഷണം പാഴാക്കരുതെന്നുമുള്ള തരത്തിൽ നിരവധി കമന്റുകളാണ് ഹീനയ്‌ക്ക് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്.















