ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശകർക്ക് രണ്ടാഴ്ച്ചത്തേക്ക് ജയിലിൽ വിലക്ക്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ മുൻകരുതലെന്ന നിലയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മറ്റ് തടവുകാരെയോ സന്ദർശകരെയോ കാണാൻ ഈ കാലയളവിൽ ഇമ്രാൻ ഖാന് അനുമതി ഉണ്ടാകില്ല.
രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതൽ ഇമ്രാന് സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പാകിസ്താൻ തെഹ്രീകെ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായിട്ടില്ല. ഇമ്രാനെതിരെ ഭീഷണിക്കത്ത് ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ പാകിസ്താനിലെ ചില ഭീകര സംഘടനകൾ ജയിലുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിലെ ജയിലുകൾക്ക് മുന്നിൽ അധിക ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇമ്രാന് സന്ദർശകരെ വിലക്കിയ നീക്കം അപലപനീയമാണെന്ന് പിടിഐ പാർട്ടി ചെയർമാൻ ഗോഹർ ഖാൻ ആരോപിച്ചു. ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്ത് വിടണമെന്നും, അല്ലാത്ത പക്ഷം ഇമ്രാനെതിരായ സർക്കാർ നീക്കമായേ നിലവിലെ സാഹചര്യത്തെ കാണാനാകൂ എന്നും ഗോഹർ ഖാൻ പറയുന്നു.