ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും നെഞ്ചിലെ അണുബാധയും മൂലം ആരോഗ്യം മോശമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിഭാ പാട്ടീലിന്റെ ആരോഗ്യനില മോശമായത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
2007 മുതൽ 2012 വരെ ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി പ്രതിഭാ പാട്ടീൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ 12-ാമത്തെ രാഷ്ട്രപതിയാണ് പ്രതിഭ പാട്ടീൽ. 1991-1996 കാലത്ത് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004- 2007 കാലത്ത് രാജസ്ഥാൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.