ന്യൂഡൽഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റിൽ നടന്ന ചടങ്ങിൽ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയിൽ സന്നിഹിതരായിരുന്നു.
സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാഷ്ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ മൂർത്തിയുടെ സാന്നിദ്ധ്യം കരുത്തേകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി കുറിച്ചു.
ഇത്തരത്തിലൊരു സ്ഥാനം വഹിക്കാൻ സാധിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. കൂടുതൽ ഉത്തരവാദിത്തമാണ് എന്നിലേക്ക് വന്ന് ചേർന്നിരിക്കുന്നത്. എന്റെ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കും. വ്യക്തിപരമായി ചിന്തിക്കുമ്പോൾ സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.- സുധാ മൂർത്തി പറഞ്ഞു.