നാഗ്പൂർ: ആർഎസ്എസ് സമാജത്തിന്റെ സംഘടനയാണെന്ന് സഹസർകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ. രാജ്യത്തെ ജനങ്ങളെല്ലാം തന്നെ ഹിന്ദുക്കളാണ്. അതിൽ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ലെന്നും എല്ലാവരും ഭാരതീയരാണെന്നുമാണ് ആർഎസ്എസ് കാഴ്ചപ്പാട്. നാഗ്പൂരിലെ രേശിഭാംഗ് സ്മൃതിഭവൻ സമുച്ചയത്തിൽ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയുടെ ഭാഗമായി ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘശിബിരങ്ങളിൽ ഘടനമാറ്റത്തിന് തീരുമാനമെടുത്തതായി മൻമോഹൻ വൈദ്യ പറഞ്ഞു. പരിശീലനശിബിരങ്ങളായ സംഘശിക്ഷ വർഗുകളിലാണ് ഘടനാമാറ്റം. നിലവിൽ പ്രാഥമിക ശിക്ഷാവർഗ് ഏഴും പ്രഥമ, ദ്വിതീയ സംഘശിക്ഷാവർഗുകൾ ഇരുപതും തൃതീയ സംഘശിക്ഷാവർഗ് 25 ദിവസവുമാണ്. എന്നാൽ പുതിയ തീരുമാന പ്രകാരം പ്രാഥമിക ശിക്ഷാവർഗിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രാരംഭിക് വർഗുണ്ടാവും. 15 ദിവസത്തെ സംഘശിക്ഷാ വർഗ്, ഇരുപത് ദിവസത്തെ കാര്യകർത്താ വികാസ് വർഗ് – ഒന്ന്, 25 ദിവസത്തെ കാര്യകർത്താ വികാസ് വർഗ്- രണ്ട് എന്നിങ്ങനെയാണ് പുതിയഘടന.
രാജ്യത്തെ 99 ശതമാനം ജില്ലകളിലും ആർഎസ്എസ് പ്രവർത്തനം എത്തി. 27720 മണ്ഡലങ്ങളിലായി 73,117 പ്രതിദിന ശാഖകൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 4466 ശാഖകളുടെ വർദ്ധനവുണ്ടായി. ഇതിൽ 60 ശതമാനവും വിദ്യാർത്ഥി ശാഖകളാണ്. 27,717 സാപ്താഹിക് മിലനുകൾ, 10,567 സംഘ മണ്ഡലികൾ എന്നിവയും നടക്കുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ 2017 മുതൽ 2023 വരെ ഓരോ വർഷവും ഒരു ലക്ഷത്തിലധികം പേർ സംഘത്തെ മനസിലാക്കുന്നതിനായി ചേരാറുണ്ട്. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇത് ഇരട്ടിയിലധികമായെന്ന് മൻമോഹൻ വൈദ്യ പറഞ്ഞു.
രാഷ്ട്ര സേവികാസമിതിയും വിവിധ സംഘടനകളിലെ വനിതാപ്രവർത്തകരും മുൻകൈയെടുത്ത് 44 പ്രാന്തങ്ങളിലായി കഴിഞ്ഞ വർഷം 460 സ്ത്രീശക്തി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 5.61 ലക്ഷം സ്ത്രീകൾ പങ്കെടുത്തു. അഹല്യഭായ് ഹോൾക്കറുടെ മൂന്നൂറാം ജന്മവാർഷികാഘോഷങ്ങൾ 2024 മേയ് മുതൽ 2025 ഏപ്രിൽ വരെ ആഘോഷിക്കും.അഹല്യഭായ് ഹോൾക്കർ നടപ്പാക്കിയ പദ്ധതികൾ രാജ്യമെങ്ങും പ്രചരിപ്പിക്കുമെന്ന് സഹസർകാര്യവാഹ് പറഞ്ഞു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സംഘടിപ്പിച്ച അക്ഷതവിതരണ സമ്പർക്കം 5,78,778 ഗ്രാമങ്ങളിലും 4,727 നഗരങ്ങളിലും നടന്നു. 19.38 കോടി കുടുംബങ്ങളിലേക്ക് അക്ഷതം എത്തിച്ചു. 4498334 രാമഭക്തർ സമ്പർക്കത്തിൽ പങ്കാളികളായി. പ്രാണപ്രതിഷ്ഠാദിനത്തിൽ 9.85 ലക്ഷം പരിപാടികളിലായി 27.81 കോടി ജനങ്ങൾ പങ്കെടുത്തവെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.