തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിച്ച ശേഷം ബൈക്ക് റേസ് നടത്തി നാട്ടുകാരെ ശല്യം ചെയ്തതായി പരാതി. ഇന്നലെ രാത്രി 10.30ഓടെ നെടിയാംകോട്ടിലാണ് സംഭവം. ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഇളക്കി മാറ്റിയ ശേഷം യുവാക്കൾ ബൈക്ക് റേസ് നടത്തുകയായിരുന്നു. സംഭവത്തിൽ കെഎസ്ഇബിക്കും പൊലീസിനും നാട്ടുകാർ പാരാതി നൽകി.
കറന്റ് പോയതോടെ യുവാക്കളുടെ ബഹളം കേട്ടാണ് നാട്ടുകാർ പുറത്തിറങ്ങിയത്. നാട്ടുകാരെ കണ്ടതോടെ യുവാക്കൾ വാഹനങ്ങളിലുണ്ടായിരുന്ന ആയുധങ്ങൾ എടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
യുവാക്കളുടെ പരാക്രമം ഏറെ വൈകിയും തുടർന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ല. യുവാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും മദ്യപിച്ച് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന സംഘത്തിലെ ആളുകളാണിവരെന്നും പൊലീസ് പറഞ്ഞു.