ഡൽഹി: മാൾട്ട ചരക്കുകപ്പലായ എം.വി റുവൻ(MV Ruen) സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 40 മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ഇന്ത്യൻ നാവികസേന വിജയം കൈവരിച്ചത്. ഭാരതത്തിന്റെ ഐഎൻഎസ് കൊൽക്കത്ത എന്ന നാവിക കപ്പലാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യൻ നാവികസേനയുടെ കരുത്തിന് മുന്നിൽ 35 കടൽക്കൊള്ളക്കാർ കീഴടങ്ങി. കപ്പലിൽ ബന്ദികളാക്കി വച്ചിരുന്ന 17 ജീവനക്കാരെയും പരിക്കേൽക്കാതെ ഇന്ത്യൻ നാവികസേന സുരക്ഷിതമാക്കി. ബൾഗേറിയ, അംഗോള, മ്യാൻമാർ സ്വദേശികളെയാണ് കപ്പലിൽ നിന്ന് നാവികസേന മോചിപ്പിച്ചത്.
ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 1400 നോട്ടിക്കൽ മൈൽ(2600 കിലോമീറ്റർ) അകലെയാണ് ദൗത്യം നടന്നത്. ഐഎൻഎസ് കൊൽക്കത്തയ്ക്കൊപ്പം ഐഎൻഎസ് സുഭദ്ര, ഹേൽ ആർപിഎ, പി8ഐ മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, സി-17 എയർക്രാഫ്റ്റ് മാർക്കോസ് പ്രഹാർ എന്നിവയും ദൗത്യത്തിന് ഉപയോഗിച്ചു.