മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിക്ഷാ ഡ്രൈവർക്ക് ജീവപര്യന്തം വിധിച്ച് കോടതി. കാന്തിവിലി സ്വദേശിയായ ദേവേന്ദ്ര പാട്ടീലാണ് (42) പ്രതി. റിക്ഷാ ഡ്രൈവറാണ് ഇയാൾ. 2016 ഓഗസ്റ്റ് 15നാണ് സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് രണ്ടാം ഭാര്യ ജയയെ ഇയാൾ കൊലപ്പെടുത്തിയത്. അരിവാളുകൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു ദേവേന്ദ്ര. ഇയാളുടെ പീഡനം മൂലം ആദ്യഭാര്യ രൂപാലി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
നിരന്തരം പാട്ടീൽ മർദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയയുടെ അനന്തരവൻ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ അക്രമാസക്തമായ പെരുമാറ്റത്തിന് അയൽവാസികളും സാക്ഷികളാണ്. അരിവാൾ കൊണ്ട് വെട്ടിയപ്പോൾ ആഴത്തിലുള്ള ഏറ്റ മുറിവുകളാണ് മരണ കാരണമെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കോടതി ശരിവയ്‌ക്കുകയായിരുന്നു.















