കോഴിക്കോട്: പേരാമ്പ്ര അനുകൊലക്കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇയാളെ ഞായറാഴ്ച രാത്രി കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടയുടനെ മുറിയിൽ കയറി വാതിലടച്ച ഇയാളെ വാതിൽ പൊളിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുജീബേ പുറത്തേക്ക് വാ..പോലീസാണെന്ന് പറഞ്ഞിട്ടും ഇയാൾ ഇറങ്ങി വരാൻ തയ്യാറായില്ല. ചുറ്റിനും ഞങ്ങളുണ്ടെന്നും എങ്ങോട്ടും ഓടാനാകില്ലെന്നും പോലീസ് പറയുന്നുണ്ട്. ഇതിനിടയിൽ ഓട് പൊളിച്ച് രക്ഷപ്പെടാനും മുജീബ് ശ്രമിച്ചു. ഓട് പൊളിച്ച് രക്ഷപ്പെടാൻ നോക്കുകയാണോയെന്നും പോലീസ് ചോദിക്കുന്നുണ്ട്. വാതിൽ പൊളിക്കാനായി ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നതും വീഡിയോയിൽ കേൾക്കാം. വീട്ടിലുള്ള സ്ത്രീയും പോലീസ് ഉദ്യോഗസ്ഥരോട് വാതിൽ പൊളിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. വാതിൽ പൊളിച്ച് അകത്ത് കടന്ന ഉദ്യോഗസ്ഥരിൽ ഒരാളെ മുജീബ് ആക്രമിക്കുന്നുണ്ട്. തുടർന്ന് ബലപ്രയോഗത്തിലൂടെ മുജീബിനെ പേരമ്പ്ര പോലീസ് കീഴടക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളായി ഇയാൾക്കെതിരെ 60-ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുക്കത്ത് മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ് ഇയാൾ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.