കൊച്ചി: കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പിന്തുണ അറിയിച്ച് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് നടൻ ജാസി ഗിഫിറ്റിന് പിന്തുണ അറിയിച്ചെത്തിയത്. കോളേജ് പരിപാടിക്കിടെ ഉണ്ടായ സംഭവം വളരെ നിരാശയുണ്ടാക്കിയെന്നും ടൊവിനോ അറിയിച്ചു.
‘ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്റെ കൗമാരത്തെ മനോഹരമാക്കിയത് അങ്ങയുടെ പാട്ടുകളായിരുന്നു. കഴിഞ്ഞ ദിവസം കോളേജ് പരിപാടിക്കിടെ അങ്ങയോട് മോശമായി പെരുമാറിയ സംഭവത്തിൽ വളരെ നിരാശ തോന്നി. ഒരു കലാകാരനോടും അത്തരത്തിൽ പെരുമാറരുത്. നിങ്ങൾക്ക് എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും.’ എന്നായിരുന്നു ടൊവിനൊയുടെ സന്ദേശം.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെ കോളേജ് പ്രിൻസിപ്പൽ വേദിയിൽ കടന്നുവന്ന് ജാസി ഗിഫ്റ്റിന്റെ കൈയ്യിൽ നിന്നും മൈക്ക് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഗായകൻ അപ്പോൾ തന്നെ വേദിവിട്ടു. സംഭവത്തിൽ ഇതിനോടകം നിരവധി പേർ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് എത്തിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിചിത്ര വാദവുമായി പ്രിൻസിപ്പലും രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതി നൽകിയതെന്നും കോറസ് പാടാനെത്തിയവർക്ക് അനുമതി നൽകിയിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫിന്റെ വാദം.