രണ്ട് വയസ്സിൽ മുത്തശ്ശി കുളിപ്പിക്കുന്ന ബാല്യകാല ഫോട്ടോ ഡ്രൈവിൽ അപ്ലോഡ് ചെയ്തത ഗുജറാത്ത് സ്വദേശിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഗൂഗിൾ. കമ്പ്യൂട്ടർ എഞ്ചിനീയറായ നീൽ ശുക്ലയുടെ ഇമെയിൽ അക്കൗണ്ടാണ് മരവിപ്പിച്ചത്. ‘പ്രകടമായ ബാലപീഡനം’ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റ നടപടി.
മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഉൾപ്പെടെ നിരവധി ബാല്യകാല ഫോട്ടോകൾ നീൽ ശുക്ല ഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് അക്കൗണ്ട് മരവിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് ഗൂഗിൾ പരാതി പരിഹാര സംവിധാനത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഒരു വർഷത്തോളമായി ഇ-മെയിൽ ആകസസ് നഷ്ടമായതോടെ യുവാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് വൈഭവി. ഡി. നാനാവതി ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നോട്ടീസയച്ചു.
ഗൂഗിൾ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ ഹരജിക്കാരന് ഇമെയിലുകൾ ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് ബിസിനസിന് നഷ്ടമുണ്ടാക്കിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ലിങ്ക് ചെയ്തിരിക്കുന്ന ഡാറ്റകൾ ഒരു വർഷത്തിനുള്ളിൽ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും അതിനാൽ അടിയന്തര വാദം കേൾക്കണമെന്നും ഹരജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.