തിരക്കേറിയ ജീവിതത്തിനിടയിൽ ജോലിയും ആരോഗ്യവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും കൂടുതൽ കലോറി അടങ്ങിയ എണ്ണപ്പലഹാരങ്ങൾ കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും. ദൈനംദിനം ജീവിതത്തിൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഇതിന് പരിഹാരം കാണാം. ഭക്ഷണം കഴിക്കുന്നതിനൊപ്പം ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക.
1. ജലാംശം നിലനിർത്തുക:-
ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നതിനിടയ്‌ക്ക് വെള്ളം കുടിക്കാൻ പലരും മറന്നു പോകാറുണ്ട്. ആവശ്യമായ വെള്ളം കൃത്യസമയത്ത് കുടിച്ചാൽ ശരീരഭാരം കുറയ്‌ക്കുന്നതിനു പുറമേ ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ പുറംന്തള്ളാനും വിശപ്പ് കുറയ്‌ക്കാനും സഹായിക്കും. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കണം. കലോറി അടങ്ങിയ ശീതള പാനീയങ്ങൾ ഒഴിവാക്കി വെള്ളം കുടിക്കേണ്ടതാണ്.
2. ആരോഗ്യകരമായ സ്‌നാക്‌സ് പായ്‌ക്ക് ചെയ്യുക :-
ഓഫീസ് സമയത്തിനിടയിൽ കഴിക്കാനായി പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതാവുന്നതാണ്. നട്‌സ്, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ലഘുഭക്ഷണമായി കൊണ്ടുപോകാം.
3. ഉച്ചഭക്ഷണം കൊണ്ടു വരിക :-
ഉച്ചഭക്ഷണം പാകം ചെയ്ത് കൊണ്ടുവരുന്നത് ശീലമാക്കുക. ഓൺലൈനായി ഓർഡർ ചെയ്യുന്നതോ അടുത്തുള്ള ഫാസ്റ്റ് ഫുഡ് കടകളെ ആശ്രയിക്കുന്നതോ സൗകര്യപ്രദമാണെങ്കിലും ആരോഗ്യത്ത് ഇത് സാരമായി ബാധിക്കും. സമീകൃതമായി തയ്യാറാക്കിയ ഭക്ഷണം ഉച്ചയ്‌ക്ക് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പച്ചക്കറികളും ധാന്യങ്ങളും ശീലമാക്കണം.
4. സജീവമായി തുടരുക:-
ജോലി ചെയ്യുന്നതിനിടയിൽ ഒരു ഇടവേള എടുക്കുന്നതും വളരെ പ്രധാനമാണ്. തുടർച്ചയായി ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ നിർബന്ധമായും ഇടയ്‌ക്ക് എഴുന്നേറ്റ് നടക്കുക. ഓഫീസിനുള്ളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം ഇടയ്‌ക്ക് പടികൾ കയറുന്നതും നല്ലതാണ്.
5. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക:-
ഭക്ഷണം അമിതമായി കഴിക്കാതിരിക്കുക, മിതമായ ഭക്ഷണം സാവധാനം കഴിക്കുന്നതാണ് മെച്ചപ്പെട്ട ദഹനത്തിന് നല്ലത്.















