ചെന്നൈ: തമിഴകത്ത് തരംഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി പതിനായിരങ്ങളാണ് കോയമ്പത്തൂർ നഗരിയിൽ തടിച്ചുകൂടിയത്. സായാ ബാബാ കോളനിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി അണിനിരന്നു.
ആവേശോജ്ജ്വല സ്വീകരണം നൽകിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. നിരവധി ബിജെപി പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും ജനങ്ങൾ പ്രധാനമന്ത്രിയെ നഗര വീഥിയിലേക്ക് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തിയത്.