കാസർകോട്: ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നതായി പൊലീസ്. ബൈക്കുകളിൽ കറങ്ങി നടന്ന് ആളൊഴിഞ്ഞ പ്രദേശങ്ങൾ കണ്ടുവച്ചാണ് ഇവർ മോഷണം നടത്തി കടന്നുകളയുന്നതെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശം നൽകി. കഴിഞ്ഞ ദിവസം ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് നിമിഷനേരം കൊണ്ട് വയോധികയുടെ മാല കവർന്നെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് ജാഗ്രതാ നിർദേശം പുറത്തുവിട്ട് പൊലീസ് രംഗത്തെത്തിയത്.
മോഷ്ടിച്ച ബൈക്കുകളിലെത്തിയാണ് സംഘം ആഭരണങ്ങൾ കവർന്ന് കടന്നു കളയുന്നതെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും പൊലീസ് പറഞ്ഞു. കുഡലു സ്വദേശി സാവിത്രിയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഇത്തരത്തിൽ കറങ്ങി നടക്കുന്നവർ ധാരാളമുണ്ടെന്നും സംശയം തോന്നുന്നവരെ കുറിച്ച് വിവരം നൽകണമെന്നും പൊലീസ് അറിയിച്ചു.