ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിനെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിവിധ ഇടങ്ങളിൽ ആംആദ്മി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. കെജരിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനപാതകളിൽ ബാരിക്കേഡുകളും പോലീസ് നിരത്തിയിട്ടുണ്ട്.
അരവിന്ദ് കെജ്രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയാലും അരവിന്ദ് കെജ്രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഡൽഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയാണ് ഇഡിയുടെ നീക്കമുണ്ടായത്. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഇഡിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പാർട്ടി അറിയിക്കുന്നത്. ഇന്നുരാത്രി തന്നെ അടിയന്തരവാദം കേൾക്കാൻ ആവശ്യപ്പെടുമെന്നാണ് വിവരം.