ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മകൻ നിഖിൽ കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പിതാവ് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും തങ്ങളുടെ കുടുംബത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കുമാരസ്വാമിയുള്ളത്.
മാർച്ച് 25-ഓടെ അദ്ദേഹം ബെംഗളൂരുവിൽ തിരികെയെത്തുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഏറ്റെടുക്കുമെന്നും കുമാരസ്വാമിയുടെ സഹോദരനും മുൻ മന്ത്രിയുമായ എച്ച്ഡി രേവണ്ണ അറിയിച്ചു. ബാല്യകാലം മുതൽക്കെ ധമനി സംബന്ധ ആരോഗ്യപ്രശ്നങ്ങൾ കുമാരസ്വാമി നേരിട്ടിരുന്നു. ഇതേ തുടർന്ന് വാൽവുകൾ രണ്ട് തവണ മാറ്റിവയ്ക്കുകയും ചെയ്തു. ഇവയുടെ ആയുസ് ഒമ്പത് മുതൽ പത്ത് വർഷമാണ്.
ആദ്യം വാൽവ് മാറ്റിവച്ചതിന് ശേഷം പത്ത് വർഷം കഴിഞ്ഞപ്പോൾ ഇസ്രായേൽ സന്ദർശനത്തിനിടെ 2017-ൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി. നിലവിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കുമാരസ്വാമിയുടെ ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.