തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൈദ്യുത ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവ സമയം ഇതുവഴി കടന്നു പോയ കാർ യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലേക്ക് പുതിയതായി സ്ഥാപിച്ച 250 എംഎംജിഐ പൈപ്പും എംഎം പിവിസി പൈപ്പും പൊട്ടിയതാണ് ട്രാൻസ്ഫോർമർ വീണതിന് കാരണം. യാതൊരു വിധ ഉറപ്പുമില്ലാതെ പൂഴിമണ്ണിലാണ് ഇത് സ്ഥാപിച്ചിരുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വാട്ടർ അതോറിറ്റി വാൽവ് തുറന്നത്.
പൈപ്പ് പൊട്ടി വെളളം ചോർന്നതോടെ നിലം കുതിർന്ന് ട്രാൻസ്ഫോർ വെച്ചിരുന്ന പോസ്റ്റുകൾ സഹിതം മറിഞ്ഞു വീഴുകയായിരുന്നു.സംഭവത്തിന് പിന്നാലെ വൻ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് അനുഭവപ്പെട്ടത്.കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു.