ന്യൂഡൽഹി: തലയോട്ടിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ സദ്ഗുരുവിനെ സന്ദർശിച്ച് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സംഗീത റെഡ്ഡി. കൂടിക്കാഴ്ചയുടെ വിവരം സംഗീത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘ അദ്ദേഹം സുഖമായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിന് വലിയൊരു ആശ്വാസമായി. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ, ഇനിയുമേറെക്കാലം അദ്ദേഹം പൂർണ ആരോഗ്യവാനായിരിക്കട്ടെ.’ സംഗീത റെഡ്ഡി എക്സിൽ പറഞ്ഞു. ആശുപത്രി കിടക്കയിലിരുന്ന് പത്രം വായിക്കുന്ന സദ്ഗുരുവിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ശസ്ത്രക്രിയയുടെ മുറിവും കാണാമായിരുന്നു.
കഴിഞ്ഞ ദിവസം സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ ഫൗണ്ടേഷനും അറിയിച്ചിരുന്നു. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഇഷ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു. സദ്ഗുരുവിന്റെ അസുഖത്തെക്കുറിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹം ആരോഗ്യവാനായിരിക്കട്ടെയെന്നും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചിരുന്നു.
കഴിഞ്ഞ 17-നാണ് സദ്ഗുരുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസഹനീയമായ തലവേദനയെ തുടർന്ന് എംആർഐ സ്കാനിന് വിധേയനാക്കിയപ്പോൾ തലച്ചോറിൽ രക്തസ്രാവമുണ്ടായെന്ന് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.