ആലപ്പുഴ: ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ആലപ്പുഴ ഡിസിസി ജന.സെക്രട്ടറി രാജിവച്ചു. തന്റെ ഭാവി പരിപാടികൾ അടുത്തയാഴ്ച വെളിപ്പെടുത്തുമെന്ന് എം.ശ്രീകുമാർ അറിയിച്ചു. ഇതറിയിക്കാൻ വാർത്ത സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാർട്ടിതലത്തിലുണ്ടാക്കിയ ധാരണകൾ ലംഘിച്ചതാണ് ശ്രീകുമാറിന്റെ രാജിയിലേക്ക് നയിച്ചത്. നിലവിലെ വൈസ് പ്രസിഡന്റ് രവികുമാർ രണ്ടരവർഷം പൂർത്തിയാകുമ്പോൾ സ്ഥാനം അഭിലാഷിന് കൈമാറണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഡി.സി.സി നേതൃത്വത്തിന്റെ ആവശ്യവും നിരാകരിച്ച രവികുമാർ പദവിയിൽ തുടരുകയായിരുന്നു. മുൻ എം.എൽ.എ മുരളി ശ്രീകുമാറിന്റെ സഹോദരനാണ്.
ശ്രീകുമാർ മറ്റു മുന്നണികളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിന്റെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും കോൺഗ്രസ് വിടാനുള്ള തീരുമാനം ശ്രീകുമാർ നേരത്തെ തന്നെ എടുത്തിരുന്നതായും സൂചനയുണ്ട്.