തൃശൂർ: സ്കൂട്ടർ യാത്രികന് സൂര്യതാപമേറ്റു. ചേർപ്പ് സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ വ്യാപാര സ്ഥാപനം നടത്തുന്ന ചാത്തക്കുടം സ്വദേശി രതീഷിനാണ്(46) സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രതീഷ് പൂച്ചിന്നിപ്പാടം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
യാത്രയ്ക്കിടെ ശരീരത്തിൽ അസഹനീയമായ നീറ്റൽ അനുഭവപ്പെട്ടെങ്കിലും ഇത് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് കൈയ്യിലും കാലിലും ചെറിയ കുമിളകൾ പോലെ കണ്ടത്. പിന്നീട് അത് കൂടുതൽ വലുതാകുകയായിരുന്നു. ഇന്ന് രാവിലെ രതീഷ് ചേർപ്പിലെ സാമൂഹികരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് അറിഞ്ഞത്.