മലപ്പുറം: നിലമ്പൂരിൽ അടയ്ക്കകളും ക്യാമറകളും മോഷ്ടിച്ച കള്ളന്മാർ പിടിയിൽ. മമ്പാട്ടുമൂല സ്വദേശികളായ ജിഷ്ണു, ശ്രീജിത്ത്, സനൂപ് എന്നിവരാണ് പിടിയിലായത്. കള്ളന്മാരെ നിരീക്ഷിക്കാനായി തോട്ടത്തിൽ വച്ച ക്യാമറയും, അടയ്ക്കയും മോഷ്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കമുകിൻ തോട്ടത്തിൽ മോഷണം പതിവായതോടെയാണ് തോട്ടയുടമ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ അടയ്ക്ക മോഷ്ടിക്കാനെത്തിയ കള്ളന്മാരുടെ ശ്രദ്ധയിൽ ക്യാമറ അകപ്പെടുകയും അടയ്ക്കക്കൊപ്പം ക്യാമറയും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണമെല്ലാം ഭംഗിയായി നടത്തി കടന്നുകളയുന്നതിനിടെ പ്രതികൾ മറ്റൊരു ക്യാമറയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടി. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.