ബഹിരാകാശ കാഴ്ചകൾ എന്നും നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച പല സംഭവങ്ങളും ബഹിരാകാശത്ത് നടക്കാറുണ്ട്. അത്തരത്തിൽ രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് സംഭവിച്ച പ്രതിഭാസം വീണ്ടും ചർച്ചായായിരിക്കുകയാണ്. 1999ലെ പൂർണ സൂര്യഗ്രഹണ (Total Solar Eclipse) സമയത്ത് ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഒരു ചിത്രമാണ് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയത്.
പൂർണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ, സൂര്യനെ മുഴുവനായി മൂടിയപ്പോൾ ഭൂമിയിൽ പതിച്ച കറുത്ത നിഴലുകൾ പ്രേതരൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ഇതിന് കാരണം. ഓഗസ്റ്റ് 11, 1999ൽ മിർ സ്‌പേസ് സ്റ്റേഷൻ പകർത്തിയ ചിത്രമാണത്. ഭൂമിയിൽ പതിച്ച നിഴലുകൾ ആദ്യം അറ്റലാന്റിൽ നിന്നും ആരംഭിച്ച് മദ്ധ്യ യൂറോപ്പ് വഴി ഇന്ത്യയിലെത്തി ബംഗാൾ ഉൾക്കടലിൽ സമാപിക്കുകയുമായിരുന്നു. പൂർണ സൂര്യഗ്രഹണത്തിന്റെ ചിത്രം ഇപ്പോൾ ചർച്ചയാകാൻ കാരണമെന്താണെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്? എന്നാൽ അതിനൊരു കാരണമുണ്ട്. അറിഞ്ഞോളൂ..
സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 18 മാസത്തിലൊരിക്കലാണ് ഭൂമിയിൽ പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരത്തിൽ സൂര്യന്റെ നേർരേഖയിലേക്ക് ചന്ദ്രൻ വന്ന് പൂർണമായി മറയ്‌ക്കുന്നതോടെ പകൽ സമയം ഇരുൾ അനുഭവപ്പെടും. ഇതാണ് പൂർണ സൂര്യഗ്രഹണം അഥവാ സമ്പൂർണ സൂര്യഗ്രഹണം. അത്തരത്തിലൊരു പൂർണ സൂര്യ ഗ്രഹണമാണ് ഏപ്രിൽ 8ന് സംഭവിക്കാൻ പോകുന്നത്. മദ്ധ്യ അമേരിക്കയും വടക്കേ അമേരിക്കയിലുമാണ് ഇത് പ്രത്യക്ഷമാകുക. 50 വർഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത്.
7 മിനിറ്റിലധികം ഈ ഗ്രഹണം നീണ്ടു നിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പൂർണ സൂര്യഗ്രഹണം ഒരേ സ്ഥലത്ത് വീണ്ടും സംഭവിക്കാൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. വളരെ അപൂർവമായി കാണപ്പെടുന്ന ഈ പ്രതിഭാസം വരുന്ന ഏപ്രിലിൽ സംഭവിക്കുമ്പോൾ പ്രേതനിഴലുകൾ എന്ന് പറഞ്ഞ് 1999ൽ പ്രചരിച്ച ഇതേ പ്രതിഭാസത്തിന്റെ ചിത്രം ഒരിക്കൽ കൂടി പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രലോകം.















