ന്യൂഡൽഹി: മൂന്നാം മൂന്നാം ടേമിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാർ മൂന്നാം ടേമിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ തന്നെ അടുത്ത അഞ്ച് വർഷത്തേക്കുള്ള റോഡ് മാപ്പ് തയ്യാറാക്കി കഴിഞ്ഞു. ആദ്യ 100 ദിവസം എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’
കഴിഞ്ഞ 10 വർഷത്തിനിടെ നിങ്ങൾ വികസനത്തിന്റെ ട്രെയിലർ മാത്രമാണ് കണ്ടത്. ഇനി രാജ്യത്തിന്റെ പുരോഗതിയെ വളരെ അധികം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ളത് മാത്രമല്ല മറിച്ച് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളത് കൂടിയാണ്. മൂന്നാം ടേമിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റും.
അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അഭൂതപൂർവമായ വളർച്ചയിലാണ്. എല്ലാ മേഖലകളിലും യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയുടെ വിശ്വാസ്യത പുതിയ ഉയരത്തിലാണ്, ലോകം മുഴുവൻ ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ഇരുണ്ട നാളുകളോട് പോരാടിയാണ് ഞാനും ഇവിടെ എത്തിയത്. അതുകൊണ്ടാണ് ഓരോ പാവപ്പെട്ടവന്റെയും ദുഃഖവും വേദനയും കഷ്ടപ്പാടും എനിക്ക് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമ്പോൾ ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.